എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ കൈക്കൂലി വാങ്ങി; സിഐക്ക് സസ്പെൻഷൻ

  1. Home
  2. Trending

എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ കൈക്കൂലി വാങ്ങി; സിഐക്ക് സസ്പെൻഷൻ

suspension


എംഡിഎംഎ കേസിൽ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്പെൻഷൻ. വയനാട് വൈത്തിരി എസ്എച്ച്ഒ ജെഇ ജയനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ഡിജെ പാർട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസിൽ പ്രതിയായ ഹോം സ്റ്റേ ഉടമയോടാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയത്. 1.25 ലക്ഷം രൂപയാണ് എസ്എച്ച്ഒ ആയ ജയൻ കൈക്കൂലി വാങ്ങിയത്. 

കേസിൽ സിഐ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പിന്നാലെ അവധിയിൽ പോയ ജയനെതിരെ വിശദമായ അന്വേഷണത്തിന് തീരുമാനമുണ്ട്. ഇതിന്റെ ഭാഗമായാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

വൈത്തിരി ലക്കിടി മണ്ടമലയിലെ ഹോം സ്റ്റേയിൽ നിന്ന് ഇക്കഴിഞ്ഞ ജൂൺ 27 നാണ് പൊലീസ് എംഡിഎംഎ കണ്ടെത്തിയത്. വൈത്തിരി എസ്ഐ എംകെ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഹോം സ്റ്റേയിലെത്തിയ പൊലീസ് സംഘം ഒൻപത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. 10.20 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു. വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യുവാക്കളെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്.