മുഖ്യമന്ത്രിയുടെ പേരിൽ മെഗാ ക്വിസ്; അഞ്ചുലക്ഷം രൂപ വരെ സമ്മാനം, ജനുവരി 12-ന് തുടക്കം
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12-ന് ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കുമായി വെവ്വേറെയായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ തുടങ്ങി സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ വരെ നീളുന്ന രീതിയിലാണ് മത്സരക്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളജ് വിഭാഗത്തിൽ യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും നൽകുന്നതിനൊപ്പം കാണികൾക്കും സമ്മാനങ്ങൾ നേടാൻ അവസരമുണ്ടാകും.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ സ്ഥാപനങ്ങൾ www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. ജനുവരി 12-ന് രാവിലെ 10.30-ന് ലോഗിൻ ചെയ്ത് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാം. പൂർണ്ണമായും എഴുത്തുപരീക്ഷയായി നടത്തുന്ന മത്സരത്തിൽ 30 പ്രധാന ചോദ്യങ്ങളും ടൈബ്രേക്കറിനായി 10 ചോദ്യങ്ങളുമാണ് ഉണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളും കേരളത്തിന്റെ ചരിത്രവും കോർത്തിണക്കിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
