ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്റെ പ്രശ്നമെന്ന് ആരോഗ്യമന്ത്രി

ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും പറഞ്ഞ ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോ.ഹാരിസ് ചിറയ്ക്കൽ സത്യസന്ധനാണെന്നും പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ്. ഡോക്ടർ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. രോഗികളുടെ ബാഹുല്യമുണ്ട് നമ്മുടെ ആശുപത്രികളിൽ. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
1600 കോടി സർക്കാർ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. 2021ൽ സൗജന്യ ചികിത്സ നൽകിയത് രണ്ടര ലക്ഷം പേർക്കാണ്. ഇത് 2024 ആയപ്പോഴേക്കും ആറര ലക്ഷമായി ഉയർന്നു. കൂടുതൽ പേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മാത്രമല്ല എല്ലാ സാമൂഹ്യ വിഭാഗങ്ങളിലും ഉള്ളവർ സർക്കാർ ആശുപത്രികളിലെത്തുന്നുണ്ട്. സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുകയാണെന്നും നിയമനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.