'തിരിച്ചടിച്ച് ഹിസ്ബുല്ല'; ഇസ്രായേൽ വ്യോമതാവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം

  1. Home
  2. Trending

'തിരിച്ചടിച്ച് ഹിസ്ബുല്ല'; ഇസ്രായേൽ വ്യോമതാവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം

attack-israel


ലബനാന് നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങൾക്ക് മറുപടിയുമായി ഹിസ്ബുല്ല. ഇസ്രായേല്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ഹിസ്ബുല്ലയുടെ തിരിച്ചടി. മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

ഫാദി-1, ഫാദി-2 എന്നീ മിസൈലുകള്‍ ഉപയോഗിച്ചാണ് അഫുല നഗരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള മെഗിദ്ദോ സൈനിക വിമാനത്താവളത്തെ ഹിസ്ബുല്ല ആക്രമിച്ചത്. അതിർത്തിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള സഖ്‌റൂൺ ഏരിയയിലെ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറിക്ക് നേരെയും ഹിസ്ബുല്ല മിസൈല്‍ തൊടുത്തു. ഇതുള്‍പ്പെടെ ആറ് മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് ഹിസ്ബുല്ല വ്യക്തമാക്കുന്നത്.

മെഗിദ്ദോ സൈനിക താവളം മൂന്ന് തവണയാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കുന്നു. ലെബനൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എയർഫീൽഡ് ആദ്യമായിട്ടാണ് ഹിസ്ബുല്ല ലക്ഷ്യമിടുന്നത്. റമാത്ത് ഡേവിഡ് എയർബേസിനെ നേരത്തേയും ഹിസ്ബുല്ല ലക്ഷ്യമിട്ടിരുന്നു.

അതേസമയം വടക്കൻ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗലീലിയിലും ഹൈഫയ്ക്ക് സമീപമുള്ള പട്ടണങ്ങളിലും അലേർട്ടുകൾ മുഴങ്ങി. എന്നാല്‍, വടക്കൻ നഗരമായ നഹാരിയ ലക്ഷ്യമാക്കി വന്ന രണ്ട് റോക്കറ്റുകൾ കടലിൽ പതിച്ചതായി ഐഡിഎഫ് അവകാശപ്പെടുന്നു.

സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ ഹൈഫ നഗരത്തിലെ താമസക്കാർ സുരക്ഷതി കേന്ദ്രങ്ങളിലേക്ക് മാറി. വടക്കൻ ഇസ്രായേലിലെ ഹൈഫ നഗരത്തിലും പരിസര പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങിയതായി ഇസ്രായേലി സേന തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണങ്ങളിൽ നിന്ന് അഭയം തേടി ഓടിയപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റതായും, ആക്രമണഭീതി മൂലമുണ്ടായ ഉത്കണ്ഠയില്‍ നിരവധി പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തെക്കൻ, കിഴക്കൻ ലബനനിലെ വൻതോതിലുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 492 പേർ കൊല്ലപ്പെടുകയും 1,645 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്ബുല്ല തിരിച്ചടി നല്‍കിയത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഇത്രയും മരണങ്ങള്‍ ലബനാനില്‍ മാത്രം ഇസ്രായേല്‍ വരുത്തിയത്.

ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെ നേരത്തെ ഹിസ്ബുല്ല മിസൈല്‍ പ്രയോഗിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടി. അതേസമയം ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആക്രമണങ്ങളുടെ തീവ്രത അടിയന്തരമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. എന്നാല്‍, ലബനനിലെ ഇസ്രയേലിന്റെ ആക്രമണം മുഴുവൻ പ്രദേശത്തെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി.

അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. '' അലി കറാകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങൾ തെറ്റാണ്. കമാൻഡർ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്''- ഹിസ്ബുല്ല വ്യക്തമാക്കി.