യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: കാമുകനും മരിച്ച നിലയിൽ

  1. Home
  2. Trending

യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണത്തിനിടെ ഹോട്ടൽ മുറിയിൽ മൃതദേഹം: കാമുകനും മരിച്ച നിലയിൽ

death


26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.

വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാൽ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോൺ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല. പല വഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ റായ്പൂർ ജയിൽ റോഡ് പ്രദേശത്തെ ബാബിലോൺ ഇൻ എന്ന ഹോട്ടലിൽ ഒരു  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇത് കാണാതായ യുവതിയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കാമുകനൊപ്പം എത്തി അവിടെ മുറിയെടുത്തെന്ന് കണ്ടെത്തി. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. 

ഉർകുറ റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അർദ്ധനഗ്നമായ മൃതദേഹത്തിൽ നിന്ന് തല വേർപ്പെട്ടിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനകൾ പൂർത്തിയായാൽ മാത്രമേ യഥാർത്ഥ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.