അർജുൻ മിഷൻ: ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി; അടിയൊഴുക്ക് ശക്തം, വൈകിട്ടും ദൗത്യം തുടരുമെന്ന് എം വിജിൻ എംഎൽഎ

  1. Home
  2. Trending

അർജുൻ മിഷൻ: ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി; അടിയൊഴുക്ക് ശക്തം, വൈകിട്ടും ദൗത്യം തുടരുമെന്ന് എം വിജിൻ എംഎൽഎ

mla


ഗം​ഗാവലി പുഴയിൽ സി​ഗ്നൽ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മൽപെ ഒഴുകിപ്പോയെന്നും എം വിജിൻ എംഎൽഎ. ഈശ്വർ മൽപെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്. 

സി​ഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎൽഎ പറഞ്ഞു. നിലവിൽ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. പുഴയിൽ ഇറങ്ങിയ ആളുമായി കരയിൽ ഉള്ളവർക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയിൽ വലിയ പാറകളുണ്ടെന്നും എംഎൽഎ പറഞ്ഞു.

ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു. 

തെരച്ചില്‍ നിര്‍ത്തില്ലെന്നും ഇക്കാര്യം കളക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എംകെ രാഘവൻ എംപി പറഞ്ഞു. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ട് വന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാനാണ് ശ്രമം. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ടെന്നും എംപി പറഞ്ഞു. ഫ്ലോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽ നിന്ന് എത്തിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. നാവിക സേനയുടെ കൂടുതൽ വൈദഗ്ധ്യം ഉള്ളവരെ നിയോഗിക്കണം എന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ തെരച്ചില്‍ തുടരും. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി മുന്നോട്ടുപോകും. മറ്റു നേവല്‍ ബേസില്‍ വിദഗ്ധര്‍ ഉണ്ടെങ്കില്‍ എത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.