മൊബൈൽ നിരക്കുകൾ വീണ്ടും കൂടും; 10-25 ശതമാനം വരെ വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കൾ

  1. Home
  2. Trending

മൊബൈൽ നിരക്കുകൾ വീണ്ടും കൂടും; 10-25 ശതമാനം വരെ വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവനദാതാക്കൾ

mobile


ഇന്ത്യയിൽ വീണ്ടും മൊബൈൽ നിരക്കുകൾ കൂട്ടാനൊരുങ്ങി മുൻനിര ടെലികോം സേവനദാതാക്കൾ. 5ജി സേവനങ്ങൾ അവതരിപ്പിച്ചപ്പോൾ നിരക്ക് കൂട്ടില്ലെന്ന് പറഞ്ഞിരുന്ന സേവനദാതാക്കളാണ് ഇപ്പോൾ നിരക്ക് വർധനയ്ക്ക് ഒരുങ്ങുന്നത്. 10-25 ശതമാനം വരെ ടെലികോം സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. 

ഇപ്പോൾ അച്ഛനും അമ്മയും രണ്ടു മക്കളും ഉള്ള വീട്ടിൽ ദിവസം ഒരു ജി.ബി. ഡേറ്റ കണക്കിൽ 28 ദിവസത്തേക്ക് റീചാർജ് ചെയ്യാനായി മാത്രം ചുരുങ്ങിയത് 1,000 രൂപ നൽകണം. ശരാശരി 20 കിലോ അരിയുടെ വിലയാണ് ഫോൺ റീചാർജിനായി ഒരു കുടുംബം ചിലവഴിക്കുന്നത്. ഇനിയും നിരക്ക് വർധിച്ചാൽ മാസം ഒരു കുടുംബം 200-300 രൂപ വരെ അധികം മുടക്കേണ്ടി വരും. അതേസമയം 5ജി സേവനങ്ങൾക്ക് ഒരു കമ്പനിയും ഇതുവരെ പ്രത്യേക നിരക്കുകൾ അവതരിപ്പിച്ചിട്ടില്ല. 

ഇതിനിടെ കേരളത്തിലെ ഡേറ്റ ഉപയോഗം വലിയ രീതിയിൽ ഉയർന്നിട്ടുണ്ടെന്നാണ് കച്ചവടക്കാരും ടെലികോം വരിക്കാരും പറയുന്നത്. പലരും ദിവസേന രണ്ട് ജി.ബിയിലും കൂടുതൽ ഡാറ്റ ഉപോയോഗിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോം, ഗെയിം, യുട്യൂബ് എന്നിവയ്ക്കാണ് പ്രധാനമായും കൂടുതൽ ഡാറ്റ ചിലവഴിക്കുന്നത്. ഓരോ ദിവസവും ശരാശരി 3-4 ജി.ബി. വരെ ഉപയോഗിക്കുന്നവരുണ്ട്. 

സൗജന്യ കോളിനും ഒരു ദിവസം രണ്ട് ജി.ബി. ഡേറ്റയ്ക്കുമായി 31 ദിവസത്തേക്ക് 319 രൂപയാണ് വോഡഫോൺ ഐഡിയ ഈടാക്കുന്നത്. 28 ദിവസത്തേക്ക് ജിയോയും എയർടെലും 299 രൂപയുമാണ് ഈടാക്കുന്നത്. നിരക്ക് വർധിപ്പിച്ചാൽ ഇപ്പോഴുള്ളതിൽ നിന്ന് 30-50 രൂപയോളം അധികം നൽകേണ്ടി വരും. 5ജി നിരക്കാണെങ്കിൽ ഇതിലും കൂടും. അതേസമയം, ബി.എസ്.എൻ.എൽ. 28 ദിവസത്തേക്ക് 184 രൂപയ്ക്ക് പരിധി ഇല്ലാതെ കോളും ഡേറ്റയും നൽകുന്നുണ്ട്. എന്നാൽ, ദിവസം ഡേറ്റ ഉപയോഗം ഒരു ജി.ബി. കഴിഞ്ഞാൽ ഡേറ്റ വേഗം കുറയും.