ജയിലിൽക്കിടന്ന് ആരും ഭരിക്കേണ്ട; അഴിമതിക്കെതിരേ പോരാടുന്നതിനാണ് നിയമനിർമാണം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി
ജയിലിൽ കിടന്ന് ആരും ഭരിക്കേണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചുകൊല്ലമോ അതിൽക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിർമാണം അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് കൊണ്ടുവന്നതിൽ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബിൽ പാസായാൽ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിഹാറിലെ ഗയാജിയിൽ നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കുന്ന ബില്ലിനെക്കുറിച്ചുള്ള മോദിയുടെ ആദ്യ പരസ്യപ്രതികരണമാണിത്.
അറസ്റ്റ് ചെയ്യപ്പെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ ജോലി നഷ്ടപ്പെടുന്ന ഒരു സാധാരണ സർക്കാർ ജീവനക്കാരന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച മോദി, ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സ്ഥാനമൊഴിയാൻ എന്തുകൊണ്ട് നിർബന്ധിച്ചുകൂടാ എന്നും ചോദിച്ചു. ''ഇന്ന് ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാൽ ചില മുഖ്യമന്ത്രിമാർ, മന്ത്രിമാർ, അല്ലെങ്കിൽ പ്രധാനമന്ത്രിമാർ പോലും ജയിലിൽ കഴിയുമ്പോൾ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും? ഒരു സർക്കാർ ജീവനക്കാരനെ 50 മണിക്കൂർ തടവിലാക്കിയാൽ, അയാൾക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാർക്കായാലും പ്യൂണായാലും എല്ലാം. എന്നാൽ, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലിൽ നിന്നുപോലും സർക്കാരിന്റെ ഭാഗമായി തുടരാൻ സാധിക്കും'', അദ്ദേഹം പറഞ്ഞു.
2024 മാർച്ച് 21-ന് ഡൽഹിയിൽ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടർന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അനുഭവം മോദി പരാമർശിച്ചു. ''കുറച്ചുകാലം മുമ്പ്, ജയിലിൽനിന്ന് ഫയലുകൾ ഒപ്പിടുന്നതും സർക്കാർ ഉത്തരവുകൾ ജയിലിൽനിന്ന് നൽകുന്നതും നമ്മൾ കണ്ടു. നേതാക്കൾക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കിൽ, നമുക്ക് എങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും. എൻഡിഎ സർക്കാർ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയിൽ വരും'', മോദി കൂട്ടിച്ചേർത്തു.
കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടനാ (130 ഭേദഗതി) ബിൽ, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറീസ് (അമെൻഡ്മെന്റ്) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബിൽ 2025 എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ബില്ലിന്മേൽ അതിരൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഒടുവിൽ അറസ്റ്റിലായി മുപ്പതുദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഏത് മന്ത്രിയെയും നീക്കംചെയ്യാൻ വ്യവസ്ഥചെയ്യുന്ന 130-ാം ഭരണഘടന ഭേദഗതി ബില്ല് സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിട്ടു. പാർലമെന്റിന്റെ അടുത്തസമ്മേനളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.
