മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്ന് സ്ഥിരീകരണം; തലയോട്ടി തകർന്നു,പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് ക്രൂരമായ മർദ്ദനമേറ്റെന്നത് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം പരിശോധന. ഷഹബാസിൻ്റെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നു, നെഞ്ചിനേറ്റ മർദ്ദനത്തിൽ അന്തരിക രക്ത സ്രവം ഉണ്ടായി, ചെവിയുടെ പിന്നിലും, കണ്ണിലും മർദ്ദനമേറ്റതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കട്ടിയേറിയ ആയുധം കൊണ്ടുള്ള ഷഹബാസിന് അടിയേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ.
ട്യൂഷൻ സെന്‍ററിലെ ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കവും സംഘർഷവുമാണ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്. മരിച്ച ഷഹബാസ് വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. അഞ്ച് പേരെയും വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷൻ ഹോമിലേക്ക് മാറ്റാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിച്ചു.