മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

  1. Home
  2. Trending

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

drowning


മലപ്പുറം പടിഞ്ഞാറ്റുമുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റുമുറിയിൽ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പടിഞ്ഞാറ്റുമുറിയിലെ പനമ്പറ്റക്കടവിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

സിബിനയും മൂന്ന് മക്കളും ഒരു ബന്ധുവും ഉൾപ്പെടെ അഞ്ചുപേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഒഴുക്കിൽപ്പെട്ട് അഞ്ചുപേരും അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി മൂന്നുപേരെ രക്ഷപ്പെടുത്തി. എന്നാൽ അപ്പോഴേക്കും സിബിനയും മകൻ സിയാനും പുഴയിൽ മുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.