മോട്ടോ ജി96 5ജി സ്‌മാർട്ട്‌ഫോണിൻറെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

  1. Home
  2. Trending

മോട്ടോ ജി96 5ജി സ്‌മാർട്ട്‌ഫോണിൻറെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

moto g96  


മോട്ടോ ജി96 5ജി സ്‌മാർട്ട്‌ഫോണിൻറെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 9ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ ജി96 5ജി ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് കമ്പനി ഒരു എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ലോഞ്ച് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ഈ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൻറെ നിരവധി പ്രധാന സവിശേഷതകളും ലഭ്യമായ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നീ കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് എത്തുമെന്ന് പോസ്റ്റിൽ പറയുന്നു. മോട്ടോ ജി96 5ജി ഫ്ലിപ്‍കാർട്ട് വഴി രാജ്യത്ത് വാങ്ങാൻ സാധിക്കും.

ക്വാൽകോമിൻറെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് മോട്ടോ ജി96 5ജിക്ക് കരുത്തുപകരുക. 144 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 1,600 നിറ്റ്സ് ബ്രൈറ്റ്‌നെസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് 10-ബിറ്റ് 3ഡി കർവ്ഡ് pOLED ഡിസ്‌പ്ലേയോടെയാണ് മോട്ടോ മോട്ടോ ജി96 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക.

സ്‌ക്രീൻ വാട്ടർ ടച്ച് സാങ്കേതികവിദ്യയും എസ്‌ജിഎസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നതായിരിക്കും. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാവും മോട്ടോ ജി96 5ജി പ്രവർത്തിക്കുക. 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോൺ പിന്തുണച്ചേക്കാം എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.