മോട്ടോറോള ബ്രാൻഡ് അൾട്രാ തിൻ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു

  1. Home
  2. Trending

മോട്ടോറോള ബ്രാൻഡ് അൾട്രാ തിൻ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു

motorolo


പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാൻഡ് അൾട്രാ- തിൻ സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കനംകുറഞ്ഞ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ മത്സരം മുറുകുന്നതിനിടെ, സാംസങ് ഗാലക്‌സി എസ്25 എഡ്ജ്, ആപ്പിൾ ഐഫോൺ എയർ എന്നിവയോട് മത്സരിക്കാൻ തയ്യാറായി മോട്ടോ എഡ്ജ് 70 എന്ന പേരിൽ സ്മാർട്ട്‌ഫോൺ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. സ്ലിം സൈസിൽ പുറത്തിറങ്ങുന്ന ഫോൺ, മുൻപത്തെ എഡ്ജ് സീരീസ് മോഡലുകളിലെ ഡിസൈൻ ഘടകങ്ങൾ അതേപോലെ കടമെടുക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോയിൽ നിന്ന് ഫോൺ സ്ലിം പ്രൊഫൈൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മോട്ടോ എഡ്ജ് 70 എത്രത്തോളം മെലിഞ്ഞതായിരിക്കുമെന്ന് എടുത്തുകാണിക്കുന്ന ഒരു ഓഫ്-ആംഗിൾ പ്രൊഫൈൽ വ്യൂ ആണ് പുറത്തുവന്ന ചിത്രത്തിൽ ഉള്ളത്. പുതിയ ഫോൺ എഡ്ജ് 60നോട് സാമ്യമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ നേർത്ത ബോഡിയാണ് പ്രധാന ഡിസൈൻ മാറ്റമായി ശ്രദ്ധ നേടുന്നത്. പുതിയ മോഡലിൽ മോട്ടോറോള പരിചിതമായ നിരവധി ഫീച്ചറുകൾ നിലനിർത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എഐ കീ, കർവ്ഡ് സൈഡ് പാനലുകൾ അടക്കം മുൻ മോഡലുകൾക്ക് ഉണ്ടായിരുന്ന ഫീച്ചറുകൾ പുതിയ ഫോണിലും ഉൾപ്പെട്ടേക്കാം.

ഉന്തിനിൽക്കുന്ന മൊഡ്യൂളും ലെൻസുകളുമുള്ള കാമറ സജ്ജീകരണവും മുൻ മോഡലുകളെ ഓർമ്മിപ്പിക്കുന്നു. എഡ്ജ് 60 7.9mm മാത്രം കനമുള്ളതാണ്. എഡ്ജ് 70 ഇതിലും നേർത്തതായിരിക്കും. എഡ്ജ് 70 മെലിഞ്ഞതായി കാണപ്പെടുമെങ്കിലും ഫ്‌ലാഗ്ഷിപ്പ് കാറ്റഗറിയിൽ നിന്ന് വ്യത്യസ്തമായി മിഡ്-റേഞ്ച് വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന എഡ്ജ് സീരീസിന്റെ ഭാഗമായി ഇത് തുടരാനാണ് സാധ്യത. സ്മാർട്ട്ഫോണിൽ ടോപ്പ്-ടയർ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.