മുക്താർ അൻസാരിയുടെ മരണം: പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്

  1. Home
  2. Trending

മുക്താർ അൻസാരിയുടെ മരണം: പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് അഖിലേഷ് യാദവ്

MUKTHAR


മുക്താർ അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി. തിരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ ആരോപണമുയർത്തി വർഗീയ ധ്രുവീകരണത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ' നാമെല്ലാവരും ജാഗ്രത പാലിക്കണം. അവരുടെ വർഗീയ ധ്രുവീകരണ തന്ത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതാക്കി', എല്ലാവരേയും ഉൾക്കൊള്ളുന്ന ശാക്തീകരണത്തിനാണ് മോദിയുടെ ശ്രമമെന്ന് ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

കുറ്റവാളിയെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിനും എസ്പിക്കുമുള്ളത്. മുഖ്താർ അൻസാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്, കോടതി പോലും ജീവപര്യന്തം തടവിന് ശിക്ഷിച്ചു, എന്നാൽ എസ്‌പിക്കും , കോൺഗ്രസിനും അദ്ദേഹം ഇപ്പോഴും പ്രിയപ്പെട്ടയാളാണ് എന്നും നഖ്‌വി കുറ്റപ്പെടുത്തി.

അതെ സമയം മുക്താർ അൻസാരിയുടെ മരണം സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്ത് വന്നിട്ടുണ്ട്. അൻസാരിയെ വിഷം നൽകി കൊന്നതാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. സാവധാനം ഏൽക്കുന്ന വിഷം തനിക്ക് നൽകിയതായി മാർച്ച് 19ന് അഭിഭാഷകനോട് പിതാവ് പറഞ്ഞിരുന്നതായി മകൻ ഉമർ അൻസാരിയും ആരോപിച്ചു.