ദർശൻ തൂഗുദീപ പ്രതിയായ കൊലക്കേസ്; നടി പവിത്ര ഗൗഡ അറസ്റ്റിൽ

  1. Home
  2. Trending

ദർശൻ തൂഗുദീപ പ്രതിയായ കൊലക്കേസ്; നടി പവിത്ര ഗൗഡ അറസ്റ്റിൽ

pavithra


പ്രശസ്‌ത കന്നഡ നടൻ ദർശൻ തൂഗുദീപ പ്രതിയായ കൊലക്കേസിൽ നടി പവിത്ര ഗൗഡയും അറസ്റ്റിൽ. വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ 11-ാം പ്രതിയാണ് പവിത്ര. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് ഇൻസ്റ്റാഗ്രാമിൽ കൊല്ലപ്പെട്ട ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമി എന്നയാൾ അശ്ലീല സന്ദേശം അയച്ചിരുന്നുവെന്നാണ് ക്വട്ടേഷൻ സംഘം പൊലീസിനോട് പറഞ്ഞത്

രേണുക സ്വാമിയെ കണ്ടെത്താൻ ചിത്രദുർഗയുടെ  ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനോട് ദർശൻ ആവശ്യപ്പെട്ടിരുന്നു. അതേ തുടർന്ന് സ്വാമിയുടെ വീട് ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പിന്നാലെയാണ് ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ രേണുക സ്വാമിയെ തട്ടിക്കൊണ്ട് വന്നത്. ബംഗളൂരുവിലെ ആർആ‍ർ നഗറിലുള്ള ദർശന്റെ വീട്ടിലെ കാർ പോർച്ചിൽ വച്ച് ഇയാളെ ക്രൂരമായി മർദിച്ചുവെന്നും ക്വട്ടേഷൻ സംഘം മൊഴി നൽകി.

ദർശൻ ഇരുമ്പ് വടി അടക്കം ഉപയോഗിച്ച് രേണുക സ്വാമിയെ മർദ്ദിച്ചെന്നും ഇതേത്തുടർന്ന് ഇയാൾ മരിക്കുകയായിരുന്നുവെന്നും ക്വട്ടേഷൻ സംഘാംഗങ്ങൾ പറഞ്ഞു. മരണശേഷം മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പവിത്ര ഗൗഡയെ കസ്റ്റഡിയിലെടുത്തത്. അന്നപൂരണി നഗർ പൊലീസ് സ്റ്റേഷനിലാണ് നടി ഇപ്പോൾ ഉള്ളത്. അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്യുകയാണ്.