മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്; സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം
സംരക്ഷിത വിഭാഗത്തിൽപ്പെട്ട മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ പ്രതിയായ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.
കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് ശശി മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയെ കൊന്നത് വലിയ വിവാദമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
കേസിൽ വനംവകുപ്പ് തുടക്കം മുതൽ പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു. ഒളിവിൽ പോയെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോഴും ശശി പരസ്യമായി ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഒടുവിൽ നിയമനടപടികൾ കർശനമായതോടെയാണ് കീഴടങ്ങാൻ തയ്യാറായത്.
