സിപിഎം പ്രവർത്തകൻ അഷ്റഫ് വധക്കേസ്: 4 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ
തലശ്ശേരിയിൽ 2011 ൽ സിപിഎം പ്രവർത്തകൻ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിൽ ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, നിധീഷ്, ഷിജിൽ, ഉജേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കുറ്റപത്രം നൽകിയത്.
2011 മെയ് 19 നാണ് അഷ്റഫിനെ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധം തീർക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ചും ആറും പ്രതികളായ എം.ആർ ശ്രീജിത്ത്, പി.ബിനീഷ് എന്നിവരെ വെറുതെ വിട്ടു. ഏഴും എട്ടും പ്രതികളായ ഷിജിൻ, സുജിത്ത് എന്നിവർ വിചാരണയ്ക്ക് മുൻപേ മരിച്ചിരുന്നു.