മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്ത്

  1. Home
  2. Trending

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ഇത്തവണ രണ്ട് വനിതകൾ മത്സരരംഗത്ത്

sadiq ali thangal


വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. അതേസമയം, മുൻ മന്ത്രിയും പാർലമെന്ററി പാർട്ടി നേതാവുമായ എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ പ്രധാന സവിശേഷത. വ്യക്തിപരമായ കാരണങ്ങളാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുകയാണെന്ന് മുനീർ പാർട്ടിയെ അറിയിച്ചതായി പി.എം.എ സലാം വ്യക്തമാക്കി. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ അഡ്വ. ഫൈസൽ ബാബുവാണ് ജനവിധി തേടുന്നത്.

വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഇത്തവണ ലീഗ് വലിയ മാറ്റത്തിന് തുടക്കമിട്ടു. രണ്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ ലീഗ് പട്ടികയിലുള്ളത്. യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹലിയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും മത്സരിക്കും. പി.കെ ഫിറോസ് കൊടുവള്ളിയിലും പി.കെ നവാസ് താനൂരിലും കന്നിയങ്കത്തിനിറങ്ങും. മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ളയും തിരൂരങ്ങാടിയിൽ പി.എം.എ സമീറും സ്ഥാനാർഥികളാകും. അഴീക്കോട് സീറ്റിൽ കരീം ചേലേരിയെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്.

മുസ്‍ലിം ലീഗ് പട്ടിക പൂർത്തിയായതോടെ യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. 50-ലധികം പേരുടെ പട്ടികയാകും കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുക. പ്രധാന മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥികളെ നിശ്ചയിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് കടക്കുകയാണ്.