മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീഗ്; 'മലപ്പുറത്തെ അപമാനിച്ചു, തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം'
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീഗ്. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹക്കുറ്റങ്ങൾ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സലാം ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണിതെന്ന് വിമർശിച്ച പിഎംഎ സലാം മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നും പറഞ്ഞു.
എന്തെങ്കിലും ഒരു തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടോ എന്നും സലാം ചോദിച്ചു. കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന സ്വർണ്ണത്തെക്കുറിച്ച് ആകാം അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ടവരിൽ ഏറെയും കണ്ണൂർ ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിലുള്ളവരാണ് അവിടെ പോയി വെട്ടിപ്പ് നടത്തുന്നത്. അത് മലപ്പുറം ജില്ലയുടെ തലയിൽ ഇടാമോ എന്നും പിഎംഎ സലാം ചോദിച്ചു. സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തറ നേതാവിൽ നിന്ന് അല്പമെങ്കിലും ഉയരാൻ മുഖ്യമന്ത്രി ശ്രമിക്കണം. മുഖ്യമന്ത്രിയുടേത് ജുഗുപ്സാവഹമായ പ്രസ്താവനയാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടേണ്ടത് അത് തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ്. അല്ലാതെ മറ്റുള്ളവർക്കുമേൽ ആരോപണങ്ങൾ കെട്ടിവച്ചല്ല. മലപ്പുറം ജില്ലക്കാരനായ അൻവർ ഒരു ആരോപണം ഉന്നയിക്കുമ്പോൾ ഉത്തരവാദി മലപ്പുറം ജില്ലയാണോ? ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവരുമെന്നും മാസപ്പടി വിവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് മകളും കുടുംബവുമെന്നും സലാം കുറ്റപ്പെടുത്തി.