'ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല; ഇപിയെ പാർട്ടി വിശ്വസിക്കുന്നു': എം.വി ഗോവിന്ദൻ
ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇ.പി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു. പാർട്ടി അന്വേഷണം നടത്തുന്നില്ല. നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇല്ലാത്ത കാര്യമാണ് പ്രചരിപ്പിച്ചത്. ഇ.പിയെ പാർട്ടി വിശ്വസിക്കുന്നു. ഇ.പി നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണ്. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊടകര കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ തയാറാവുന്നില്ല. പാലക്കാടും- വടകരയും - തൃശൂരും ചേർന്നുള്ള ഡീലുണ്ട് ബിജെപിയും കോൺഗ്രസും തമ്മിൽ. പാലക്കാട് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണുണ്ടാവുന്നത്.
കോൺഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബിജെപി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽഡിഎഫ് പിടിച്ചെടുക്കും വിധത്തിലാണ് സ്ഥിതി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജെപി സ്ഥാനാർത്ഥിക്കോ ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കോ കിട്ടില്ല. ബിജെപി പാലക്കാട്ട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.