‘കോൺഗ്രസ് ബ്രഹ്മപുരം വിഷയം ഉയർത്തുന്നത് പാർട്ടിയിലെ ആഭ്യന്തര കലഹം മറയ്ക്കാൻ’: എം.വി ഗോവിന്ദൻ

  1. Home
  2. Trending

‘കോൺഗ്രസ് ബ്രഹ്മപുരം വിഷയം ഉയർത്തുന്നത് പാർട്ടിയിലെ ആഭ്യന്തര കലഹം മറയ്ക്കാൻ’: എം.വി ഗോവിന്ദൻ

mv govindan


 ബ്രഹ്മപുരം വിഷയം ഉയർത്തി സ്വന്തം പാർട്ടിയിലെ ആഭ്യന്തര കലഹം മറയ്ക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിലെ കലാപം മൂർഛിക്കുകയാണ്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. 

കേരളത്തിൽ കെ.സുധാകരന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ നിലംതൊടില്ലെന്ന ധാരണ കോൺഗ്രസിലുണ്ട്. മൽസരിക്കാനില്ലെന്ന കെ.മുരളീധരന്റെ നിലപാടും പരാജയ ഭീതി മൂലമാണ്.  കോൺഗ്രസിൽ പിളർപ്പുണ്ടാക്കി  ബിജെപിക്ക് ആളെക്കൂട്ടാനാണു സുധാകരന്റെ ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആർഎസ്എസിനോടുളള കൂറു ന്യായീകരിക്കാൻ മതേതര വാദിയായ നെഹ്റുവിനെ വർഗീയവാദിയുടെ പാളയത്തിൽ കെട്ടിയിട്ട നേതാവാണു സുധാകരൻ. കോൺഗ്രസ് മുഖ്യമന്ത്രിമാർ ഒന്നൊന്നായി ബിജെപിയിൽ ചേർന്നു കൊണ്ടിരിക്കയാണ്. ബിജെപി തീവ്രഹിന്ദുത്വമാണു പിന്തുടരുന്നതെങ്കിൽ മൃദുഹിന്ദുത്വമാണു കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ഈ പാരസ്പര്യമാണു മനസാക്ഷിക്കുത്തില്ലാതെ കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്കു പോകാൻ പ്രേരിപ്പിക്കുന്നത്. 

21 സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വേട്ട നടന്നിട്ടും യുഡിഎഫ് പ്രതികരിച്ചിട്ടില്ല. അമ്പലങ്ങൾ പിടിക്കുക എന്ന നയം സിപിഎമ്മിനില്ല. ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾക്കും ഇതു ബാധകമാണ്. കലാസൃഷ്ടികളെ വിമർശിക്കാനും അനുകൂലിക്കാനും സ്വാതന്ത്യമുണ്ട്. അവയുടെ അവതരണം നിർത്തി വയ്ക്കണമെന്നു പറയാൻ കഴിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രാവിലെ രാഷ്ട്രീയ–സാമൂഹിക മേഖലകളിൽനിന്നുള്ള പ്രമുഖരുമായി പാർട്ടി സെക്രട്ടറി കൂടിക്കാഴ്ച നടത്തി. അവരുടെ നിർദേശങ്ങളും പരാതികളും കേട്ടു.