എംവിഡി ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുന്നു; നിയമപരമായി നേരിടും; ആഢംബര ബസ് ഉടമകള്‍

അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുകയാണെന്ന് ആഢംബര ബസുടമകളുടെ സംഘടന. കേരളവും തമിഴ്‌നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും പിഴത്തുക അടയ്ക്കില്ലെന്നും ബസുടമകള്‍ പറഞ്ഞു.
ഇന്ന് രാവിലെ അന്തര്‍ സംസ്ഥാന ബസുടമകളുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ആരോപണങ്ങള്‍ ബസുടമകള്‍ ഉയര്‍ത്തിയത്. 7500 രൂപ മുതല്‍ 15,000 രൂപ വരെ അനാവശ്യമായി പിഴ ഇനത്തില്‍ എം വി ഡി ഈടാക്കുന്നുവെന്നാണ് പരാതി. ഈ ചുമത്തിയ പിഴ അടയ്ക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.