പരിക്കേറ്റ റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പർ എൻ ജഗദീശൻ ഇന്ന് ഇംഗ്ലണ്ടിലേക്ക്
പരിക്കേറ്റ റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിക്കറ്റ് കീപ്പർ എൻ ജഗദീശൻ ഇന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. തമിഴ്‌നാട് താരത്തിന്റെ വിസ നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് ബിസിസിഐ അറിയിച്ചു. മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന്റെ കാലിന് പൊട്ടലേറ്റത്. സെലക്ടർമാർ ഇഷാൻ കിഷനെ പരിഗണിച്ചെങ്കിലും, താരവും പരിക്കിന്റെ പിടിയിലായതോടെ ജഗദീശനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ജൂലൈ 31 മുതൽ കെന്നിംഗ്ടൺ ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 52 മത്സങ്ങളിൽ നിന്ന് ജദീശൻ പത്ത് സെഞ്ച്വറികളോടെ 3373 റൺസെടുത്തിട്ടുണ്ട്.
പന്തിന് പരിക്കേറ്റ പശ്ചാത്തലത്തിൽ പകരക്കാരനായി ഇഷാൻ കിഷനെ ചീഫ് സെലക്ടർ അജിത് അഗാർക്കർ ബന്ധപ്പെട്ടെങ്കിലും കണങ്കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ടീമിനൊപ്പം ചേരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ധ്രുവ് ജുറെലിനെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ആരെ പരിഗണിക്കണമെന്ന ആശയക്കുഴപ്പത്തിലായി സെലക്ഷൻ കമ്മിറ്റി.
