എഡിഎം നവീൻ ബാബുവിന്റെ മരണം ; പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന

എഡിഎം നവീൻ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിപി ദിവ്യയെ പ്രകോപിപ്പിച്ചത് സിപിഐ ഇടപെടലെന്ന് സൂചന. പെട്രോൾ പമ്പിന്റെ എൻഓസിക്കായി സിപിഐ സഹായിച്ചെന്ന് ദിവ്യയോട് പറഞ്ഞിരുന്നതായി അപേക്ഷകൻ പ്രശാന്ത് പറഞ്ഞു. വിജിലൻസിനും ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർക്കും നൽകിയ മൊഴികളിലാണ് സിപിഐ സഹായത്തെപ്പറ്റി പരാമർശമുള്ളത്.
ഇതിനിടെ, പെട്രോൾ പമ്പ് വിഷയത്തിൽ പ്രശാന്തിന്റെ ആവശ്യപ്രകാരം എഡിഎം നവീൻ ബാബുവിനെ വിളിച്ചിരുന്നുവെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സിപി സന്തോഷ് കുമാർ സ്ഥിരീകരിച്ചു. അതിന് ശേഷം എഡിഎം സ്ഥലം സന്ദർശിച്ചതായി അറിഞ്ഞെന്നും സന്തോഷ് പറഞ്ഞു.
അതേസമയം, എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകി. സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്കാണ് കളക്ടർ മൊഴി നൽകിയത്.