നവീൻ ബാബുവിൻ്റെ മരണം; കണ്ണൂർ കളക്ടർക്കെതിരായ മൊഴിയിൽ ഉറച്ച് കുടുംബം, കുടുംബത്തിന്റെ മൊഴിയെടുത്തു
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെതിരായ മൊഴിയിൽ ഉറച്ച് കുടുംബം. യാത്രയയപ്പിലും പെട്രോൾ പമ്പ് വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നൽകി. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്‍റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തശേഷം മടങ്ങി. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
നവീൻ ബാബുവിന്റെ കോൾ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. നവീൻ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായിരുന്നു അന്വേഷണ സംഘത്തിൻ്റെ ശ്രമം. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് അന്വേഷണ സംഘം വീട്ടിൽ നിന്നും മടങ്ങിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കേസിൽ പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്‍റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം.