നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

  1. Home
  2. Trending

നവീൻ ബാബുവിന്റെ മരണം: പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

naveen babu


കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം നൽകിയ ഹർജിയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തലശ്ശേരി ജില്ലാ സെഷൻസ് കോടതി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന വിധി. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള നാല് പ്രധാന കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചു.

പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 13 പ്രധാന പിഴവുകളുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ കോൾ വിശദാംശങ്ങളും ഡിലീറ്റ് ചെയ്ത ചാറ്റുകളും വീണ്ടെടുത്ത് പരിശോധിക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നത് വ്യാജമായി ചമച്ച കഥയാണെന്നും ഇതിൽ ദിവ്യയും പ്രശാന്തനും തമ്മിലുള്ള ബന്ധം ശരിയായ രീതിയിൽ അന്വേഷിച്ചിട്ടില്ലെന്നും ഹർജിയിൽ വാദമുണ്ടായിരുന്നു.

ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവായതിനാൽ പ്രതിയെ സഹായിക്കുന്ന രീതിയിലാണ് അന്വേഷണം നടന്നതെന്ന കുടുംബത്തിന്റെ ആക്ഷേപം ശരിവെക്കുന്നതാണ് കോടതിയുടെ പുതിയ ഉത്തരവ്. പി.പി. ദിവ്യയുടെയും പ്രശാന്തന്റെയും ഫോൺ വിളികളും ചാറ്റുകളും എസ്.ഐ.ടി കൃത്യമായി വിശകലനം ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടരന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കേസിൽ നിർണ്ണായകമായ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.