മന്ത്രി കസേര വിട്ടുകൊടുക്കാതെ എകെ ശശീന്ദ്രൻ, തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കാണും
മന്ത്രി സ്ഥാനത്ത് നിന്ന് എ.കെ. ശശീന്ദ്രനെ നീക്കാൻ എൻസിപിയിൽ നീക്കം ശക്തം. അതേസമയം, മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. എകെ ശശീന്ദ്രനെ നീക്കാനുള്ള പാർട്ടി തീരുമാനത്തോടെ എകെ ശശീന്ദ്രൻ ഇതുവരെ വഴങ്ങിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
ദേശീയ അധ്യക്ഷൻ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താനും നീക്കമുണ്ട്. ഒരു ഭാഗത്ത് പാർട്ടിയുടെ നീക്കങ്ങൾ സജീവമാകുമ്പോഴും എകെ ശശീന്ദ്രൻറെ നിലപാട് നിർണായകമാകുകയാണ്. സമ്മർദത്തിന് വഴങ്ങാൻ തയ്യാറാകാത്ത എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി. പാർട്ടിയിലെ ചർച്ച പി.സി.ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എൻസിപി തീരുമാനിക്കട്ടെയെന്ന് പിസി ചാക്കോ പ്രതികരിച്ചത്. എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ പുതിയ മന്ത്രിയാക്കാനാണ് നീക്കം.