എൻ.ഡി.എ.യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട്ടിൽ; ബാബു ദിവാകരൻ ജനവിധി തേടും
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എൻ.ഡി.എ.യുടെ ആദ്യ സ്ഥാനാർഥിയെ കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ പ്രഖ്യാപിച്ചു. ബാബു ദിവാകരനാണ് മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുക. യാതൊരുവിധ തർക്കങ്ങളുമില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
കുന്നത്തുനാട്ടിലെ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം സ്ഥാനാർഥി ബാബു ദിവാകരനൊപ്പം ചുവരെഴുതിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. മണ്ഡലത്തിലെ ഇലക്ഷൻ കൺവെൻഷനിൽ ബോബി ജേക്കബ്, പി.പി. സജീവ്, വി.എൻ. വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൻ.ഡി.എ. മുന്നണി ഏറെ മുന്നിലാണെന്നും വിജയപ്രതീക്ഷയുണ്ടെന്നും കൺവെൻഷനിൽ സംസാരിച്ച നേതാക്കൾ വ്യക്തമാക്കി.
എ.ബി. ജയപ്രകാശ്, വി. ഗോപകുമാർ, കെ.എസ്. അഭിലാഷ്, ജിബി ഏബ്രഹാം തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നും ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
