കനകകിരീടത്തിനരികെ; കലാശപോരിൽ ടോസ് ഓസിസിന്, ഇന്ത്യയെ ബാറ്റിംഗിനയച്ചു
കലാശപ്പോരിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ ന്യൂസിലൻഡിനെതിരെ കളിച്ച അതേ ടീമുമായാണ് ഇരുവരും ഇറങ്ങുന്നത്. അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് ഹൈ വോൾട്ടേജ് ഗ്രാൻഡ് ഫിനാലെ.
ടൂർണമെന്റിൽ തുടർച്ചയായി 10 മത്സരങ്ങൾ ജയിച്ച് ആധികാരികമായി ഫൈനലിൽ എത്തിയ ഇന്ത്യയും ആദ്യ രണ്ട് കളികളിൽ തോറ്റതിന്റെ പരിഹാസം കാറ്റിൽ പറത്തി തുടർച്ചയായ 8 ജയങ്ങളുമായി കലാശപ്പോരിലെക്ക് കടന്ന ഓസ്ട്രേലിയയും തമ്മിൽ കൊമ്പുകോർക്കുമ്പോൾ ജയം ആർക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഈ മൈതാനത്ത് ടൂർണമെന്റിൽ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്കയിരുന്നു മുൻതൂക്കം. ഈ ലോകകപ്പിൽ നാല് മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നപ്പോൾ അതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്. 5 ലോകകപ്പുകൾ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയ.1987ൽ ഇന്ത്യയിൽ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വർഷങ്ങളിൽ മറ്റ് കിരീടങ്ങൾ. 2തവണയാണ് ഇന്ത്യ കപ്പുയർത്തിയത്. 1983ൽ കപിൽസ് ഡെവിൾസ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ൽ ധോണിയുടെ നേതൃത്വത്തിൽ രണ്ടാം കിരീടം.