ഗൂഢാലോചനയിൽ പങ്ക്; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ

  1. Home
  2. Trending

ഗൂഢാലോചനയിൽ പങ്ക്; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ

prasantha


എഡിഎം നവീൻ ബാബുവിനെതിരെ ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന ആവശ്യം ഉയർത്തി കുടുംബം. ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പ്രശാന്തിനെയും പ്രതിചേർക്കണമെന്നും നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ ആവശ്യപ്പെട്ടു.

നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ കൂട്ടിച്ചേർത്തു. 

അതേ സമയം, റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.