നീറ്റ് പരീക്ഷ വിവാദം അന്വേഷിക്കണം; കെ.സി വേണു​ഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകി

  1. Home
  2. Trending

നീറ്റ് പരീക്ഷ വിവാദം അന്വേഷിക്കണം; കെ.സി വേണു​ഗോപാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകി

kc


നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും പരീക്ഷയുടെ വിശ്വാസ്യതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നതെന്നും കെ.സി വേണു​ഗോപാൽ എം.പി. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ വരെയാണ് ഉയർന്നിരിക്കുന്നത്. അതിനാൽതന്നെ നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്താനുള്ള അടിയന്തര നടപടികൾ കേന്ദ്രസർക്കാരിൽ നിന്നുണ്ടാവണമെന്ന് എം.പി ആവശ്യപ്പെട്ടു. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നല്‍കിയെന്നും കെ.സി വേണു​ഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.  

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായതിൽ ദുരൂഹതയുണ്ട്. ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ) ഏതാനും ഉദ്യോഗാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത് ആശങ്കാജനകമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ക്രമക്കേടും ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിദ്ധീകരിച്ച ഫലത്തെ സംശയത്തോടെയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്.  അതിനാൽ ചോദ്യപേപ്പര്‍ സജ്ജീകരണം, പരീക്ഷാ നടത്തിപ്പ്, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം എന്നിവ ഉള്‍പ്പെടെ പരീക്ഷാ പ്രക്രിയയുടെ നീതിക്കും സുതാര്യതയ്ക്കും കോട്ടംവരുത്തിയ വീഴ്ചകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ ക്രമക്കേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.