നെൻമാറ ഇരട്ടക്കൊലപാതകം; തെളിവെടുപ്പ് പൂര്‍ത്തിയായി, മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു

  1. Home
  2. Trending

നെൻമാറ ഇരട്ടക്കൊലപാതകം; തെളിവെടുപ്പ് പൂര്‍ത്തിയായി, മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു

death


 

നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പൊലീസിനൊപ്പം കൊല നടത്തിയ സ്ഥലത്തും അതിനുശേഷം വീട്ടിലേക്ക് പോയതും മലയിൽ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുത്തത്.

കൃത്യം നടത്തിയശേഷം സിം ഉള്‍പ്പെടെ ഉപേക്ഷിച്ച സ്ഥലം ഉള്‍പ്പെടെ പൊലീസിന് കാണിച്ചുകൊടുത്തു. പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴികളിലൂടെയും ചെന്താമരയെ കൊണ്ടുപോയി തെളിവെടുത്തു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. പുരയിൽ പോയശേഷം രാത്രി പാടത്തിലൂടെയാണ് മലയിൽ പോയതെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതെ പൊലീസിന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ചെന്താമര മറുപടി നൽകി.

കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ വൈകിട്ട് മൂന്നുവരെയാണ് ചെന്താമരയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളതെന്നും അതിനുള്ളിൽ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനാണ് കൊണ്ടുവന്നതെന്നും ഡിവൈഎസ്‍പി മുരളീധരൻ പറഞ്ഞു. സുധാകരനെ കണ്ടതും അതിനുശേഷം നടന്ന സംഭവങ്ങളുമെല്ലാം പുനരാവിഷ്കരിക്കേണ്ടതുണ്ടായിരുന്നു. വീട്ടിൽ നിന്ന് തിരിച്ചുപോകുന്നതും മലയിലേക്ക് രക്ഷപ്പെട്ടതും ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം പ്രതി കാണിച്ചു തന്നുവെന്നും ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ഡിവൈഎസ്‍പി  പറഞ്ഞു. കൂടുതൽ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുമെന്നും  ഡിവൈഎസ്പി മുരളീധരൻ പറഞ്ഞു. നാട്ടുകാരും തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചു.