സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം, ഹിസ്ബുല്ലയുടെ 'മനുഷ്യകവചം' ആകരുത്; ലബനീസ് ജനതയോട് നെതന്യാഹു
സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് ലബനനിലെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം 492 പേരുടെ മരണത്തിനു കാരണമായതിനു പിന്നാലെയാണ് ലബനൻ ജനതയെ അഭിസംബോധന ചെയ്ത് നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നത്. ഇസ്രയേലിന്റെ യുദ്ധം ലബനീസ് ജനതയോടല്ലെന്നും ഹിസ്ബുല്ലയോടാണെന്നും സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
'ലബനനിലെ ജനങ്ങളോട് ഒരു സന്ദേശമുണ്ട്. ഇസ്രയേലിന്റെ യുദ്ധം നിങ്ങൾക്കെതിരെയല്ല. അത് ഹിസ്ബുല്ലയ്ക്കെതിരെയാണ്. ഏറെക്കാലമായി നിങ്ങളെയെല്ലാം ഹിസ്ബുല്ല മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. നിങ്ങളുടെ സ്വീകരണമുറികളിൽ റോക്കറ്റുകളും ഗാരേജുകളിൽ മിസൈലുകളും അവർ ഒളിപ്പിക്കുന്നു. ഈ റോക്കറ്റുകളും മിസൈലുകളുകളും ഞങ്ങളുടെ നഗരങ്ങളെയും ഞങ്ങളുടെ ജനതയെയും ലക്ഷ്യമിട്ടാണു വരുന്നത്. ഹിസ്ബുല്ല ആക്രമണങ്ങളിൽനിന്ന് ഇസ്രയേൽ ജനതയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ആയുധമെടുത്തേ മതിയാകൂ.
സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ നിർദേശം ഗൗരവമായെടുക്കണം. നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ അപകടത്തിലാക്കാൻ ഹിസ്ബുല്ലയെ അനുവദിക്കരുത്. ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായതിനുശേഷം നിങ്ങൾക്കു സ്വന്തം വീടുകളിലേക്കു സുരക്ഷിതമായി തിരിച്ചുവരാം' നെതന്യാഹു പറഞ്ഞു.
'ഓപ്പറേഷൻ നോർത്തേൺ ആരോസ്' എന്നു പേരിട്ട സൈനിക നടപടിയിൽ ഐഡിഎഫ് തിങ്കളാഴ്ച തെക്ക്, കിഴക്കൻ ലബനനിൽ നടത്തിയ വ്യാപക ആക്രമണത്തിൽ 1645 പേർക്കു പരുക്കേറ്റിരുന്നു. മരിച്ചവരിൽ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.