ആന്ധ്രപ്രദേശിലും ഒഡിഷയിലും പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലേറും ; സത്യപ്രതിജ്ഞ ഇന്ന്

  1. Home
  2. Trending

ആന്ധ്രപ്രദേശിലും ഒഡിഷയിലും പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലേറും ; സത്യപ്രതിജ്ഞ ഇന്ന്

 Andhra Pradesh and Odisha


ആന്ധ്രപ്രദേശിലും ഒഡിഷയിലും ഇന്ന് പുതിയ സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആന്ധ്രാപ്രദേശില്‍ ചന്ദ്ര ബാബു നായിഡുവും ഒഡീഷയില്‍ മോഹൻ ചരണ്‍ മാജിയും മുഖ്യമന്ത്രിമാരാകും.
ഒഡിഷയില്‍ ബിജെപിയും ആന്ധ്രപ്രദേശില്‍ ടിഡിപി നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാരുമാണ് അധികാരത്തിലേറുന്നത്.
ഒഡിഷയില്‍ മോഹൻ ചരണ്‍ മാജിയെ ഇന്നലെ ചേർന്ന ബിജെപി നിയമസഭ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് എന്നിവർ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ദേവനാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ആദ്യക്ഷണം നല്‍കിയിരിക്കുന്നത്. നാല് തവണ എംഎല്‍എ ആയ മോഹൻ ചരണ്‍ മാജി സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ്. കെവി സിംഗ് ദേവ്, പ്രവതി പരീത എന്നിവർ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരാകും. 147 അംഗ നിയമസഭയില്‍ 78 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഒഡിഷയില്‍ ഭരണം പിടിച്ചത്.
ആന്ധ്രാപ്രദേശില്‍ ഇത് നാലാം വട്ടമാണ് ചന്ദ്ര ബാബു നായിഡു മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്. രാവിലെ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപം കേസരപ്പള്ളി ഐടി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
ജനസേന നേതാവ് പവൻ കല്യാണ്‍ ഉപമുഖ്യമന്ത്രി ആയേക്കും.175 അംഗ സഭയില്‍ ടിഡിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് എട്ടും അംഗങ്ങളാണ് ഉള്ളത്. മുന്‍മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെയും ചന്ദ്ര ബാബു നായിഡു സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രജനികാന്ത്, ചിരഞ്ജീവി അടക്കമുള്ള സിനിമാതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.