27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ഭർത്താവും ഭർതൃവീട്ടുകാരും അറസ്റ്റിൽ

തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുകാരിയെ കാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ഭർത്താവിനെയും ഭർത്താവിൻറെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഗാർമെൻറ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവൻറെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം നടത്തിയത്.
ഞായറാഴ്ച മൊണ്ടിപാളയത്തെ അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞാണ് റിധന്യ വീട്ടിൽ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ഒരുപാട് നേരം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ യുവതിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പോകുന്ന വഴിയിൽ കാർ നിർത്തി വിഷം കഴിച്ചെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുമ്പ് റിധന്യ അച്ഛന് വാട്ട്‌സ്ആപ്പിൽ ഏഴ് ഓഡിയോ സന്ദേശങ്ങൾ അയച്ചു. ഭർതൃ വീട്ടിലെ പീഡനങ്ങൾ ഈ സന്ദേശങ്ങളിലൂടെ റിധന്യ വിശദീകരിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുകയും ചെയ്തു.
"അവരുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല. ഇത് ആരോട് പറയണമെന്ന് എനിക്കറിയില്ല. ജീവിതം ഇങ്ങനെയാണെന്നും ഒത്തുപോവാൻ ശ്രമിക്കണമെന്നുമാണ് എല്ലാവരും പറഞ്ഞത്. ആർക്കും എന്നെ മനസ്സിലാവുന്നില്ല. ഞാൻ എന്തിനാണ് ഇങ്ങനെ നിശബ്ദയായിരിക്കുന്നതെന്നോ ഇങ്ങനെയായതെന്നോ എനിക്കറിയില്ല. ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല. ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഭർത്താവ് ശാരീരികമായി ഉപദ്രവിക്കുമ്പോൾ വീട്ടുകാർ മാനസികമായി പീഡിപ്പിക്കുകയാണ്. എനിക്ക് ഈ ജീവിതം തുടരാനാവില്ല"- എന്നാണ് റിധന്യ അയച്ച സന്ദേശങ്ങളിലുള്ളത്.
ജീവനൊടുക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് റിധന്യ ക്ഷമ ചോദിച്ചു- "അച്ഛനും അമ്മയുമാണ് എൻറെ ലോകം. എന്റെ അവസാന ശ്വാസം വരെ നിങ്ങളായിരുന്നു എൻറെ പ്രതീക്ഷ, പക്ഷെ ഞാൻ നിങ്ങളെ വല്ലാതെ വേദനിപ്പിച്ചു. എന്നെ ഇങ്ങനെ കാണാൻ നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ കഷ്ടപ്പാടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. എന്നോട് ക്ഷമിക്കണം അച്ഛാ, എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു". റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് കവിൻ കുമാർ, ഭർതൃ പിതാവ് ഈശ്വരമൂർത്തി, മാതാവ് ചിത്രദേവി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.