ഇറാനിലേക്ക് മനുഷ്യക്കടത്ത്; എൻഐഎ കേസ് ഏറ്റെടുത്തു

  1. Home
  2. Trending

ഇറാനിലേക്ക് മനുഷ്യക്കടത്ത്; എൻഐഎ കേസ് ഏറ്റെടുത്തു

nia officials


അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലില്‍ ആണ് എൻ‌ഐഎ കേസ് ഏറ്റെടുത്തത്.
കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയില്‍ എഫ്‌ഐആർ സമർപ്പിച്ചു. നിലവില്‍ ആലുവ റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.
മെയ് 19നാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്. അവയവ കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
മുംബൈയില്‍ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനില്‍ നിന്നാണ് സാബിത്തിനെ കുറിച്ച്‌ അന്വേഷണ ഏജൻസികള്‍ക്ക് ആദ്യം വിവരം കിട്ടുന്നത്. വൃക്ക നല്‍കാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി.
സാബിത്ത് നാസർ കൂടാതെ അവയവ മാഫിയയില്‍ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമൻ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ.