മെഡിക്കൽ കോളേജുകളുടെ വളപ്പിൽ പാസില്ലാതെ ഇനി രാത്രി തങ്ങാൻ അനുവദിക്കില്ല; പൊലീസിന് കൈമാറും
മെഡിക്കൽ കോളേജുകളുടെ വളപ്പിൽ ഇനി രാത്രിയിൽ പാസില്ലാതെ തങ്ങാൻ ആരെയും അനുവദിക്കില്ല. പൊലീസിൽ ഏല്പിക്കുകയും ചെയ്യും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് കൃത്യ ഇടവേളകളിൽ നടത്തും. കഴിഞ്ഞ ദിവസം മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അനധികൃത കച്ചവടവും ആബുലൻസുകളുടെ അനധികൃത പാർക്കിംഗും അനുവദിക്കില്ല. അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ ജീവനക്കാർക്ക് ഏകീകൃത നമ്പർ വരും. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കുന്ന സംവിധാനമൊരുക്കും. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കൂ. രോഗികളുടെ വിവരങ്ങൾ ബ്രീഫിംഗ് റൂമിൽ വച്ച് ഡോക്ടർമാർ ബന്ധപ്പെട്ടവരോട് വിശദീകരിക്കണം. പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉന്നയിച്ച സുരക്ഷാ വിഷയങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിൽ പരിഹാരം കാണുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.