നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധനയുമായി തമിഴ്നാട് സർക്കാർ

  1. Home
  2. Trending

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധനയുമായി തമിഴ്നാട് സർക്കാർ

NORA VIRUS


കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷൻ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് വിവരം. 

അതേസമയം, കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി. നിപ ബാധിച്ചയാളുടെ പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആക്കാത്തത്തിനെതിരെ തിരുവള്ളൂർ പഞ്ചായത്ത്‌ പരാതി അറിയിച്ചു. അതേസമയം, നിപ രോഗികളുടെ റൂട്ട് മാപ്പ് ഉട‍ൻ പുറത്തിറക്കും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമ്പ‍ർക്കപ്പട്ടിക തയ്യാറാക്കി കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മരണവിട്ടീലെത്തിയവരെയും കണ്ടെത്തി പട്ടിക കൂടുതൽ വിപൂലീകരിക്കും.