‘കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്; ബംഗ്ലദേശിന്റെ മാതൃക പിന്തുടരണം’:എൻഐവി

  1. Home
  2. Trending

‘കേരളമടക്കം 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ്; ബംഗ്ലദേശിന്റെ മാതൃക പിന്തുടരണം’:എൻഐവി

Nipah


രാജ്യത്തെ 9 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പുണെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) രാജ്യവ്യാപകമായി നടത്തിയ  സർവേയിലാണ് കണ്ടെത്തൽ. എൻഐവിയിൽ എപ്പിഡമോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗാഖേദ്കർ ആണ് ഇക്കാര്യം അറിയിച്ചത്.

ജൂലൈ വരെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായതായി ഡോ. രാമൻ ഗംഗാഖേദ്കർ പറയുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, അസം, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ്പ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ രോഗബാധയ്ക്കു സാധ്യതയുണ്ടെങ്കിലും ഇവ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പഠനത്തെ ഉദ്ധരിച്ച് ഗംഗാഖേദ്കർ പറഞ്ഞു,

കേരളത്തിൽ സ്ഥിരീകരിച്ച നിപ്പ് വൈറസ്, ബംഗ്ലദേശിൽ റിപ്പോർട്ട് ചെയ്ത വൈറസിന്റെ വകഭേദമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. മലേഷ്യയിൽ കണ്ടെത്തിയ വകഭേദത്തെ അപേക്ഷിച്ച്, ഈ വകഭേദത്തിൽ മരണനിരക്ക് കൂടുതലാണ്. പൊതുവിദ്യാഭ്യാസത്തിലൂടെയും പൊതുസജ്ജീകരണത്തിലൂടെയും വൈറസിനെതിരെ പോരാടിയ ബംഗ്ലദേശിന്റെ മാതൃക ഇന്ത്യ പിന്തുടരണമെന്ന് ഗംഗാഖേദ്കർ ആവശ്യപ്പെട്ടു.

രോഗം സ്ഥിരീകരിച്ച ആദ്യവ്യക്തിയെ അഥവാ ഇൻഡക്സ് രോഗിയെ കണ്ടെത്തുക, വൈറസിന്റെ ഉറവിടം തിരിച്ചറിയുക, ഇൻഡക്സ് രോഗിയുടെ സമ്പർക്കപ്പട്ടിക തയാറാക്കുക എന്നിവയാണ് പ്രധാനം. 2018, 2019 വർഷങ്ങളിൽ മേയ് മാസത്തിലാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തത്. 2018ൽ ഇൻഡക്സ് രോഗി വവ്വാലുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതായി കണ്ടെത്തിയിരുന്നു. തന്റെ വീടിന്റെ കിണർ വൃത്തിയാക്കുന്നതിനിടയിലാണ് രോഗി പഴംതീനി വവ്വാലുകളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നത്.

2021 സെപ്റ്റംബറിൽ കേരളത്തിൽ വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കോവിഡ് സമയത്ത് ക്വാറന്റീൻ, ഐസലേഷൻ തുടങ്ങിയ കാര്യങ്ങളിലെല്ലാം നേടിയെടുത്ത പരിചയവും ജനങ്ങൾ മാസ്‌ക് ധരിച്ചതുമെല്ലാം അന്നു വളരെ വേഗം രോഗം നിയന്ത്രിക്കാൻ സഹായകരമായി. 2023ലും സെപ്റ്റംബറിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നതിനാൽ സമ്പർക്കപ്പട്ടിക വളരെ വേഗം തയാറാക്കാൻ സാധിക്കണമെന്നും ഗംഗാഖേദ്കർ പറഞ്ഞു.