നിർമല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യം; മന്ത്രി മുഹമ്മദ് റിയാസ്

  1. Home
  2. Trending

നിർമല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യം; മന്ത്രി മുഹമ്മദ് റിയാസ്

Riyas


അമിതജോലി സമ്മർദം മൂലം യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനക്കെതിരേ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇ.വൈ) പോലുള്ള ഐ.ടി കമ്പനികൾ മാറി. നിർമല സീതാരാമന്റെ പ്രസ്താവന ഈ ഡ്രാക്കുള കമ്പനികളുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

അടിമത്തത്തിന്റെ കാലത്ത് ആളുകളെ തൊഴിൽ ചെയ്യുന്നതിനേക്കാൾ ഭയാനകമാകുന്ന നിലയിലേക്ക് തൊഴിൽ ചെയ്യിക്കുകയാണ്. ചൂഷണം ചെയ്യുകയാണ്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഇത്തരം ഐ.ടി കമ്പനികൾ മാറിയിരിക്കുകയാണ്. ആ ഡ്രാക്കുളകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുള്ള ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുളയുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണ്-മന്ത്രി പറഞ്ഞു

ജോലി സമ്മർദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾക്ക് വീട്ടിൽ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദ്ദങ്ങൾ നേരിടാൻ കഴിയുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. അതേസമയം ഈ പ്രസ്താവന കുടുംബം തള്ളി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകൾ പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാൽ മകളെ ചെറുപ്പംമുതൽ തന്നെ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളർത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.