ഹണി റോസിന്റെ പരാതിയിൽ രാഹുലിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്: മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ്. രാഹുൽ ഈശ്വറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചു, അധിക്ഷേപ പരാമർശങ്ങൾ നടത്താൻ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയിരുന്നു. നടിയുടെ വസ്ത്രധാരണ രീതി ടെലിവിഷന്‍ ചർച്ചകളിൽ രാഹുൽ ഈശ്വർ വിമർശിക്കുകയും ചെയ്തിരുന്നു.
ഹണി റോസ് പരാതി നല്‍കിയിരുന്നു എന്നും ഇതിൽ പ്രാഥമികാന്വേഷണം നടന്നുവരുന്നു എന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ, കേസ് എടുത്തിട്ടില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അറസ്റ്റ് തടയാനും കോടതി തയാറായില്ല. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നിരന്തരം അധിക്ഷേപ പരാമർശങ്ങള്‍ നടത്തുന്നു എന്ന ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്തിരുന്നു. ഈ സമയത്താണു നടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനകളും വിവാദമായത്.