നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ്; തീരുവ തർക്കത്തിൽ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ല

  1. Home
  2. Trending

നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ്; തീരുവ തർക്കത്തിൽ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ല

trump


തീരുവ തർക്കത്തിൽ പരിഹാരമാകുന്നതു വരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവൽ ഓഫീസിൽ വെച്ച്, ഇന്ത്യയ്ക്ക് മേൽ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിൽ, ഇന്ത്യയുമായി ചർച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഇല്ല, തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇല്ല' എന്നായിരുന്നു ട്രംപിന്റെ മറുപടി. തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വർഷം നവംബറിനകം ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. 

എന്നാൽ ട്രംപിന്റെ കടുത്ത നിലപാടോടെ ഈ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. യുക്രൈൻ യുദ്ധം തുടരുമ്പോൾ, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. നേരത്തെ 25 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ച 25 ശതമാനം അധിക തീരുവ കൂടി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ഇതോടെയാണ് ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയർന്നത്.

ജൂലായ് 30 ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വന്നതായി യുഎസ് അധികൃതർ പറഞ്ഞു. അധിക തീരുവ 21 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. യുഎസ് തുറമുഖങ്ങളിൽ പ്രവേശിക്കുന്ന എല്ലാ ഇന്ത്യൻ സാധനങ്ങൾക്കും ഇത് ബാധകമാകുമെന്നും അധികൃതർ വ്യക്തമാക്കി. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഇന്ത്യ പിന്നോട്ടു പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു.