നിയമസഭയിലെ സംഘർഷം; ഭരണപക്ഷ എംഎൽമാർക്കതെിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്ക് ജാമ്യമില്ലാവകുപ്പ്

  1. Home
  2. Trending

നിയമസഭയിലെ സംഘർഷം; ഭരണപക്ഷ എംഎൽമാർക്കതെിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്ക് ജാമ്യമില്ലാവകുപ്പ്

SABHA


നിയമസഭയിൽ ഇന്നലെയുണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയാണ് കേസ്. 

എഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസെടുത്തു. റോജി എം.ജോൺ, ഉമ തോമസ്, കെ.കെ.രമ, പി.കെ,ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ്.

ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫാണ് ഭരണപക്ഷത്തിനെതിരെ മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.

എച്ച്.സലാം, സച്ചിൻദേവ് എന്നിവരും അഡി.ചീഫ് മാർഷലും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡും ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തതായി സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ പറയുന്നു. പിടിച്ചു തള്ളി തറയിലിട്ടു. കഴുത്തിലും നെഞ്ചിലും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. ഐപിസി 323, 324, 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 

ചീഫ് മാർഷൽ ഓഫിസിൽനിന്ന് സ്പീക്കറുടെ ഓഫിസിലേക്കു പോകുമ്പോൾ തന്നെയും ചീഫ് മാർഷലിനെയും പ്രതിപക്ഷ എംഎൽഎമാർ അസഭ്യം വിളിച്ച് ആക്രമിച്ചതായി വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പറയുന്നു. റോജി എം.ജോണും പി.കെ.ബഷീറും ഭീഷണിപ്പെടുത്തി. റോജി എം.ജോൺ പിടിച്ചു തള്ളിയപ്പോൾ വലതു കൈമുട്ട് ഭിത്തിയിൽ ഇടിച്ചു പൊട്ടലുണ്ടായി. അഡി.ചീഫ് മാർഷലിനും മൂന്നു വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റതായും പരാതിയിൽ പറയുന്നു. ഐപിസി 143, 147, 149, 294(ബി), 333, 506, 326, 353 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

സ്പീക്കറുടെ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽമാർക്ക് പരുക്കേറ്റിരുന്നു. കെ.കെ.രമയുടെ വലതുകൈ പൊട്ടി.  ഉപരോധസമരം നേരിടാനുള്ള വാച്ച് ആൻഡ് വാർഡിന്റെ ശ്രമമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ.രമ, സനീഷ് കുമാർ ജോസഫ് എന്നിവർ ചികിൽസ തേടിയിരുന്നു.