എറണാകുളത്ത് നോറോ വൈറസ്; രോഗം ബാധിച്ചത് സ്‌കൂൾ വിദ്യാർഥികൾക്ക്

  1. Home
  2. Trending

എറണാകുളത്ത് നോറോ വൈറസ്; രോഗം ബാധിച്ചത് സ്‌കൂൾ വിദ്യാർഥികൾക്ക്

NORA VIRUS


എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്നുദിവസത്തേക്ക് സ്‌കൂൾ അടച്ചിരിക്കുകയാണ്. കൂടുതൽ കുട്ടികളിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും നടന്നു വരികയാണ്.

എന്താണ് നോറോ വൈറസ് 

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. പ്രായഭേദമെന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.

രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതൽ മൂന്നുദിവസങ്ങൾക്കുള്ളിൽതന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങൾവരെ രോഗിയിൽനിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണം.