വടക്കുകിഴക്കൻ മൺസൂൺ; തമിഴ്നാട്ടിൽ കനത്ത മഴ; സ്‌കൂളുകൾക്ക് അവധി
വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും.
രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്‌ലോൺ സ്കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി. തിരുവാരൂരിൽ കലക്ടർ ടി ചാരുശ്രീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.