വകുപ്പിനെ മറികടന്നുള്ള നീക്കത്തില്‍ പരാതി; വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു

  1. Home
  2. Trending

വകുപ്പിനെ മറികടന്നുള്ള നീക്കത്തില്‍ പരാതി; വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു

BINDHU


ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചർച്ച ചെയ്യാതെ വിദേശസർവ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി ആർ ബിന്ദുവിന് അതൃപ്തി. വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ട് വെച്ച നിർദ്ദേശമാണ് ബജറ്റിൽ പരിഗണിച്ചത്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർ ബിന്ദു പ്രതികരിച്ചു.

സ്വകാര്യസർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയതീരുമാനമെടുത്തതാണ്. എന്നാൽ വിദേശ സർവ്വകലാശാലക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോൾ മുതൽ സിപിഎം ഉയർത്തിയത് വലിയ എതിർപ്പാണ്. പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷൻ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വേണ്ട, വിദേശ സർവ്വകലാശാലാ ക്യാമ്പസ് തുടങ്ങാൻ.പക്ഷെ ഇടത് മുന്നണി സർക്കാ‍ർ സ്റ്റാമ്പ് ഡ്യൂട്ടി യിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത.

ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് വിദേശ സർവ്വകലാശാലക്കുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിൻറെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സർവ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗൺസിലിലാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും കേരളത്തിൽ നാലു കോൺക്ലേവുകൾ നടത്താനുമുള്ള ചുമതലയും കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ ഇനി മാറ്റം വരണമെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.