സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് പരാതി, ഫാത്തിമ തഹ്‌ലിയക്ക് നോട്ടീസ്
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും സമര്‍പ്പിച്ചിട്ടില്ല.
'നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്' എന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് വോട്ടുപിടിക്കുന്നു എന്ന് എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവത്തില്‍ നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വിവാദത്തില്‍ പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
മാതൃക പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസ് നല്‍കിയത്. ഈ വിഷയത്തില്‍ വിവാദം ചൂടുപിടിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ നോട്ടീസ്.
