പഴയ പാർലമെന്റ് മന്ദിരം പൈതൃകത്തിന്റെ ഭാഗം; മന്ദിരത്തോടെ വിട പറയുക എന്നത് വൈകാരികമായ നിമിഷമാണെന്ന് നരേന്ദ്ര മോദി

  1. Home
  2. Trending

പഴയ പാർലമെന്റ് മന്ദിരം പൈതൃകത്തിന്റെ ഭാഗം; മന്ദിരത്തോടെ വിട പറയുക എന്നത് വൈകാരികമായ നിമിഷമാണെന്ന് നരേന്ദ്ര മോദി

Modi


പഴയ പാർലമെന്റ് മന്ദിരം എല്ലാവരുടെയും പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 75 വർഷത്തിനിടെ നിരവധി നിർണായക സംഭവങ്ങൾക്ക് മന്ദിരം സാക്ഷിയായി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും. പഴയ മന്ദിരത്തിൻറെ പടികൾ തൊട്ടുവന്ദിച്ചാണ് താൻ ആദ്യമായി പ്രവേശിച്ചതെന്നും മോദി പറഞ്ഞു. ഇന്ന് തുടങ്ങിയ പ്രത്യേക സമ്മേളനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ചരിത്രപരമായ കെട്ടിടത്തോടു യാത്രപറയാൻ ഒരുങ്ങുകയാണ് നാം. സ്വാതന്ത്ര്യത്തിനു മുൻപ് ഈ കെട്ടിടം ബ്രിട്ടിഷ് ഇന്ത്യയുടെ ഇംപീരിയൽ ലെജിസ്‍ലേറ്റീവ് കൗൺസിലായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം ഇത് ഇന്ത്യയുടെ പാർലമെന്റായി. വിദേശ ഭരണാധികാരികളാണ് ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് എന്നത് ശരിയാണ്. എന്നാൽ ഇത് നിർമിക്കാൻ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്തത് ഇന്ത്യക്കാരാണ്"
"പാർലമെന്റിനു നേരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. അത് ഒരു കെട്ടിടത്തിന് നേരെയുള്ള ആക്രമണം ആയിരുന്നില്ല, മറിച്ച് ജനാധിപത്യത്തിന്റെ മാതാവിനു നേരെയുള്ള ആക്രമണമായിരുന്നു. ഈ രാജ്യത്തിന് അതൊരിക്കലും മറക്കാനാകില്ല. പാർലമെന്റ് മന്ദിരത്തെയും അതിലെ അംഗങ്ങളെയും സംരക്ഷിക്കുന്നതിനായി, ഭീകരർക്കെതിരെ പോരാടുന്നതിനിടയിൽ വെടിയുണ്ടകൾ നെഞ്ചിലേറ്റു വാങ്ങിയവർക്കു മുന്നിൽ ഞാൻ പ്രണമിക്കുന്നു."
"ഈ പാർലമെന്റ് മന്ദിരത്തോടെ വിടപറയുക എന്നത് വൈകാരികമായ നിമിഷമാണ്. നിരവധി മധുരമുള്ളതും കയ്പേറിയതുമായി അനുഭവങ്ങൾക്ക് ഈ മന്ദിരം സാക്ഷിയായി. നിരവധി വാഗ്വാദങ്ങളൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഇവിടെ നാം സാക്ഷിയായി, അതുപോലെ ഒരു വീടു പോലെയും അനുഭവപ്പെട്ടു. നിരവധി ചരിത്രപരമായ തീരുമാനങ്ങൾക്കും നൂറ്റാണ്ടുകളായി കെട്ടിക്കിടന്ന പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടായി. ജമ്മു കശ്മീരിലെ പ്രത്യേക നിയമം (ആർട്ടിക്കിൾ 370) എടുത്തുകളയാൻ സാധിച്ചുവെന്ന് ഈ മന്ദിരം അഭിമാനത്തോടെ പറയും. ജിഎസ്ടി ഇവിടെയാണ് നടപ്പാക്കിയത്. ഒരു റാങ്ക് ഒരു പെൻഷനും ഇവിടെയാണ് ഉണ്ടായത്. ഒരു വാഗ്വാദങ്ങളുമില്ലാതെ രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിന്നവർക്ക് 10 ശതമാനം സംവരണം അനുവദിക്കാൻ തീരുമാനമായതും ഇവിടെനിന്നാണ്"- പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റ് ചരിത്രം, ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളാണ് നടക്കുക. വിനായക ചതുർഥി ദിനമായ നാളെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതേസമയം അദാനി വിവാദം , ചൈനീസ് കടന്ന് കയറ്റം, മണിപ്പൂര്‍ കലാപം എന്നീ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ വെച്ച് പാസാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.