സുരക്ഷാ മുൻകരുതൽ: ഒമാനിൽ ഡ്രോൺ പറത്തുന്നതിനുള്ള വിലക്ക് നീട്ടി

  1. Home
  2. Trending

സുരക്ഷാ മുൻകരുതൽ: ഒമാനിൽ ഡ്രോൺ പറത്തുന്നതിനുള്ള വിലക്ക് നീട്ടി

oman


മേഖലയിലെ സംഘർഷസാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് ഏർപ്പെടുത്തിയ ഡ്രോൺ വിലക്ക് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നീട്ടി. വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ വ്യോമമേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനുമാണ് ഈ സുപ്രധാന തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

സർക്കാർ, വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ഈ നിരോധനം ബാധകമാണ്. ഡ്രോണുകൾക്ക് പുറമെ പാരാഗ്ലൈഡിങ്, പാരാമോട്ടോർ, മറ്റ് എയർ സ്പോർട്സ് വിനോദങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും സ്ഥാപനങ്ങളുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും നിയമം കർശനമായി പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.

ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഒമാൻ സുരക്ഷാ മുൻകരുതൽ ശക്തമാക്കിയിരിക്കുന്നത്. നേരത്തെ ബഹ്‌റൈനും സമാനമായ രീതിയിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. വ്യോമപാതയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.