ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് വിവാഹം മാറ്റിവെച്ചു

  1. Home
  2. Trending

ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം ബിജെപി നേതാവ് വിവാഹം മാറ്റിവെച്ചു

Bjp leader postponed marriage


മതപരമായ എതിർപ്പിനെ തുടർന്ന് മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്നുവച്ച് ബിജെപി നേതാവ്. വിശ്വഹിന്ദു പരിഷത്, ഭൈരവ് സേന, ബജ്റങ്ദൾ തുടങ്ങിയ ഹിന്ദു സംഘടനകളിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെയാണ് ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാനായ ബിജെപി നേതാവ് യശ്പാൽ ബെനാമാണ് മകളുടെ വിവാഹം വേണ്ടെന്നുവച്ചത്.

ഈ മാസം 28 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിൽ ആദ്യം മുതൽ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും കുടുംബകാര്യമാണെന്ന് പറഞ്ഞ് നേതാവ് പ്രതിരോധിക്കുകയായിരുന്നു. എന്നാൽ വിവാഹ ക്ഷണക്കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എതിർപ്പും രൂക്ഷമായി.

മകളെ മുസ്‍ലിം യുവാവിന് വിവാഹം കഴിച്ചു നൽകാനുള്ള മുൻ എംഎൽഎ കൂടിയായ യശ്പാലിന്റെ നീക്കം, അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് ആണെന്നായിരുന്നു ഹിന്ദു സംഘടനകളുടെ വിമർശനം. ഇതിനിടെ ഒരു വിഭാഗം ‘ലവ് ജിഹാദ്’ ആരോപണവും ഉയർത്തിയിരുന്നു. വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുമായും വ്യാപകമായി താരതമ്യങ്ങൾ നടന്നിരുന്നു.

ഇതോടെയാണ് യശ്പാൽ വിവാഹം മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. മകളുടെ സന്തോഷം മാത്രം പരിഗണിച്ചാണ് ഈ വിവാഹത്തിനു സമ്മതം മൂളിയതെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ‌പൊതുജനത്തിന്റെ അഭിപ്രായം കൂടി മാനിക്കണമെന്നും യഷ്പാൽ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ഹിന്ദു സംഘടനകൾ, യശ്പാലിന്റെ കോലവും കത്തിച്ചു. സമൂഹമാധ്യമങ്ങളിലും യശ്പാലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.