കണമലയിലെ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്; പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടും

  1. Home
  2. Trending

കണമലയിലെ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്; പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടും

Wild Buffalo


കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ജനവാസ മേഖലയിലിറങ്ങി കാട്ടുപോത്ത് വീണ്ടും ശല്യം ചെയ്താൽ മയക്കുവെടി വെക്കാമെന്നും ശേഷം പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകിയിട്ടുണ്ട്.

കണമലയിൽ അക്രമം നടത്തിയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പോത്തിനെ കണ്ടെത്തിയാലും ഇത് തന്നെയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിയണം. കാട്ടുപോത്തിനെ മയക്കുവെക്കാനായി പ്രത്യേക സംഘം കണമലയിലുണ്ട്. ഇന്നലെ അക്രമം നടത്തിയതിന് ശേഷം കാടിനുള്ളിലേക്ക് ഓടിപ്പോയതാണ് പോത്ത്.

കാട്ടുപോത്തിന്റ ആക്രമണത്തിൽ മരിച്ച രണ്ടുപേരുടെയും ശവസംസ്കാരം കണമല സെന്റ് തോമസ് പള്ളിയിലാണ് നടക്കുക. പുലർച്ചെ പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയും പിന്നീട് വീട്ടുമുറ്റത്തിരുന്ന ചാക്കോയെയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. ചാക്കോയുടെ കൂടെ ഉണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്ത് വെച്ചും തോമസ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയിലും മരിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതോടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. ഇതിന്റെ ഭാഗമായി നാട്ടുകാർ എരുമേലി പമ്പാ റോഡ് ഉപരോധിച്ചു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കലക്ടർ അറിയിച്ചിരുന്നു.